2 ദിനവൃത്താന്തം 26 : 1 (MOV)
യെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
2 ദിനവൃത്താന്തം 26 : 2 (MOV)
രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ.
2 ദിനവൃത്താന്തം 26 : 3 (MOV)
ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഖൊല്യാ എന്നു പേർ. അവൾ യെരൂശലേംകാരത്തി ആയിരുന്നു.
2 ദിനവൃത്താന്തം 26 : 4 (MOV)
അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
2 ദിനവൃത്താന്തം 26 : 5 (MOV)
ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖർയ്യാവിന്റെ ആയുഷ്കാലത്തു അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.
2 ദിനവൃത്താന്തം 26 : 6 (MOV)
അവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു.
2 ദിനവൃത്താന്തം 26 : 7 (MOV)
ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു.
2 ദിനവൃത്താന്തം 26 : 8 (MOV)
അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു.
2 ദിനവൃത്താന്തം 26 : 9 (MOV)
ഉസ്സീയാവു യെരൂശലേമിൽ കോൺവാതിൽക്കലും താഴ്വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു.
2 ദിനവൃത്താന്തം 26 : 10 (MOV)
അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
2 ദിനവൃത്താന്തം 26 : 11 (MOV)
ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും.
2 ദിനവൃത്താന്തം 26 : 12 (MOV)
യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.
2 ദിനവൃത്താന്തം 26 : 13 (MOV)
അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.
2 ദിനവൃത്താന്തം 26 : 14 (MOV)
ഉസ്സീയാവു അവർക്കു, സർവ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
2 ദിനവൃത്താന്തം 26 : 15 (MOV)
അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൌശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
2 ദിനവൃത്താന്തം 26 : 16 (MOV)
എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
2 ദിനവൃത്താന്തം 26 : 17 (MOV)
അസർയ്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു:
2 ദിനവൃത്താന്തം 26 : 18 (MOV)
ഉസ്സീയാവേ, യഹോവെക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാർക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊൾക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
2 ദിനവൃത്താന്തം 26 : 19 (MOV)
ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവൻ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയിൽ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിമേൽ കുഷ്ഠം പൊങ്ങി.
2 ദിനവൃത്താന്തം 26 : 20 (MOV)
മഹാപുരോഹിതനായ അസർയ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവൻ തന്നേയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.
2 ദിനവൃത്താന്തം 26 : 21 (MOV)
അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.
2 ദിനവൃത്താന്തം 26 : 22 (MOV)
ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു.
2 ദിനവൃത്താന്തം 26 : 23 (MOV)
ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവൻ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23